“ചല്‍ ചല്‍ ബഗീചേ മേ ......,“ ജാ കേ കഹൂംഗാ ന്രുപ് സേ അഭിലാഷാ“..... ..ഹിന്ദി കവിത ആണെന്നു തോന്നിയോ? ഉണ്ണായി വാര്യര്‍ രചിച്ച നളചരിതം ആട്ടക്കഥയിലെ പദങ്ങള്‍ ആണു ഇതെന്നു കരുതിയിട്ടുണ്ടാവില്ല അല്ലേ? ജാകെ കഹൂംഗാ.... ചെന്നിതു പറവന്‍ ന്രുപനോടഭിലാഷം......ചല്‍ ചല്‍ ചല്‍ ബഗീചേ മേ... പോകാ പൂങ്കാവില്‍ എന്നു........എന്റെ പിതാവു തിരൂര്‍ നമ്പീശന്‍ എപ്പോഴോ മൂളിപ്പാട്ടായി പാടി കേട്ടതാാണു ഈ ഹിന്ദി വരികള്‍. 1965 ല്‍ കലാമണ്ഡലത്തിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം സഹപാഠി ആയ മാടാമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി യോടൊപ്പം ഗാന്ധിസേവാ സദനത്തില്‍ ജോലി നോക്കി വരികയായിരുന്നു . അതിനിടെ 1968 ല്‍ മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി കലാമണ്ഡലം അധ്യാപകനായി നിയമിതനായി. കലാമണ്ഡലത്തിലെ അദ്ധ്യാപിക തസ്തികയില്‍ അടുത്ത ഊഴം തനിക്ക് ആണെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചിരിക്കുമ്പോള്‍ കലാമണ്ഡലത്തിലെ അന്തരീക്ഷത്തില്‍ അപ്രതീക്ഷിതമായ ചില മാറ്റങ്ങള്‍ വന്നതിന്റെ ഫലമായി ആപ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. അങ്ങനെ യിരിക്കെ 1970 കളുടെ തുടക്കത്തില്‍ അദ്ദേഹം ഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ കഥകളി കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു, . ഏകദേശം ഒരു വര്‍ഷത്തോളം കാലം അദ്ദേഹം അവിടെ സേവനം അനുഷ്ടീച്ചു . അക്കാലത്ത് അവിടെ പാടുന്നതിനു വേണ്ടി പരിഭാഷപ്പെടുത്തിയതാണു ഈ വരികള്‍ എന്നാണു അറിവ്.അക്കാലത്ത് അദ്ദേഹത്തോടോപ്പം കഥകളി നടന്‍ ശ്രീ വി പി രാമക്രിഷ്ണന്‍ നായര്‍ ഉണ്ടായിരുന്നു. പ്രധാന മന്ത്രി ഉള്‍പ്പെടെ വിവി ഐ പി കള്‍ക്കു മുന്നിലും ഇന്ത്യാ സന്ദര്‍ശനത്തിനു എത്തുന്ന വിദേശപ്രതി നിധികള്‍ക്ക് മുന്നിലും കഥകളി അവതരിപ്പിക്കുക ഉണ്ടായിരുന്നുവത്രേ. പലതും പത്തോ പതിനഞ്ചോ മിനിറ്റ് ഉള്ള കപ്സ്യൂള്‍ രൂപത്തിലൊക്കെ ആകുമത്രേ. നാട്ടിലേതിനേക്കാള്‍ താരതമ്യേന മെച്ചപ്പെട്ട പ്രതിഫലം ( നാട്ടില്‍ പ്രതിമാസം 75 രൂപ കിട്ടാന്‍ ഞരുങ്ങിയ അക്കാലത്ത് അവിടെ മുന്നൂറ് രൂപ ആയിരുന്നു പ്രതിഫലം എന്നാണു കേട്ടറിവ്) ലഭിച്ചിരുന്നുവെങ്കിലും ക്ലാസോ , കളികളോ അവിടെ കുറവായിരുന്നു. മിക്കവാറും വെറുതെ ഇരിക്കുന്ന അവസ്ഥ, കയ്യിലുള്ള തൊഴില്‍ പ്രയോഗിക്കാന്‍ അവസരം ഇല്ലാതെ നശിക്കും എന്ന തോന്നലില്‍ അവിടം വിട്ട് നാട്ടിലേക്കു തന്നെ തിരിച്ചു വരികയും ആണു ഉണ്ടായതത്രേ. കൂടെ പ്രവര്‍ത്തിച്ചിരുന്ന രാമക്രിഷ്ണന്‍ നായര്‍ ഉള്‍പ്പെടെ പലരും അവിടം വിട്ടു പോന്നതും അതിനൊരു നിമിത്തമായി മാറി. 1971 ല്‍ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം വീണ്ടും ഗാന്ധിസേവാ സദനത്തില്‍ അധ്യാപകനായി സേവനം തുടങ്ങി എങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ ചേര്‍ന്നു പോകാന്‍ പ്രയാസം ( പ്രതിമാസം 100 രൂപയില്‍ കുറവ്) ആയതിനാല്‍ അവിടം വിട്ട് കുറച്ചു കാലം ഒറ്റപ്പാലവും പരിസരവുംകേന്ദ്രീകരിച്ച് കളി ഏറ്റെടുത്തു നടത്തുന്ന ഒരു സ്വതന്ത്ര ട്രൂപ്പ് ആയി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവത്രേ. കലമണ്ഡലം രാജശേഖരന്‍ ഒക്കെ ആ ട്രൂപ്പില്‍ സഹകരിച്ചിരുന്നുവെന്ന് പില്‍ക്കാലത്ത് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് ആ ട്രൂപ്പ് ഇല്ലാതാവുകയും ഏകദേശം 1975 വരെ അദ്ദേഹത്തിന്റെ ഭാര്യവീടിനു സമീപത്ത് ( തിരുന്നാവായക്കു സമീപം ആതവനാട്) സ്വന്തമായി നിര്‍മ്മിച്ച വീട്ടില്‍ ക്രിഷിജോലികളില്‍ മുഴുകുകയായിരുന്നു.അദ്ദേഹം താമസിച്ചിരുന്ന പ്രദേശങ്ങളില്‍ കഥകളിയ്ക്ക് ഒരു സാധ്യതയും ഉണ്ടായിരുന്നില്ല . അക്കാലത്തുംശ്രീക്രിഷ്ണപുരം വെള്ളിനേഴി പറശ്ശിനിക്കടവ് ഭാഗങ്ങളില്‍ ഒക്കെ ഉള്ള ധാരാളം കളികള്‍ക്ക് പങ്കെടുത്തിരുന്നു. ഇത്രയുംദൂരം യാത്ര ചെയ്ത് കളിയില്പങ്കെടുത്തു കിട്ടുന്ന പ്രതിഫലം വഴിച്ചെലവിനു പോലും മതിയാകുമായിരുന്നില്ലത്രേ. ശ്രീക്രിഷ്ണപുരത്തിന്റെ മണ്ണില്‍ ഒരു വീടു വയ്ക്കണം എന്നോ മരണം വരെ ഇവിടത്തുകാരനായി ജീവിക്കണം എന്നോഅക്കാലത്തു കഥകളിക്കു ശ്രീക്രിഷ്ണപുരത്തു വരുമ്പോള്‍ അദ്ദേഹം ഓര്‍ത്തു കാണില്ല .
No comments:
Post a Comment